Blog

സ്‌നേഹാർദ്രം, കരുണാമയം ഈ ബന്ധങ്ങൾ

അല്ലാഹു പറയുന്നു: “ഏ.. മനുഷ്യരേ.. നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും അതിൽനിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുക. ഏതൊരു അല്ലാഹുവിന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുക്കൊണ്ടിരിക്കുന്നവനാകുന്നു” (ഖുർആൻ, സൂറത്തുൽ നിസാഇലെ ആദ്യസൂക്തം)

പ്രവാചകർ മുഹമ്മദ് നബി (സ്വ) പറയുന്നു: നിങ്ങളിൽ ഏറ്റവും നല്ലവൻ സ്വകുടുംബത്തോട് നന്മ ചെയ്യുന്നവനാണ്. ഞാൻ അത്തരുണത്തിൽ എന്റെ കുടുംബത്തോട് നന്മ ചെയ്യുന്നവനാണ്” (ഹദീസ് തുർമുദി)

 

സ്‌നേഹവും കാരുണ്യവും കുടുംബബന്ധം സുദൃഢമാവുന്നതിന്റെ അടിസ്ഥാന ശിലകളാണ്. വൈവാഹിക ജീവിതവിജയത്തിന്റെ ഹേതുകം കൂടിയാണവ. മാത്രമല്ല, അവ പ്രവഞ്ചനാഥനിൽ നിന്നുള്ള മഹത്തായ അനുഗ്രഹവും സുപ്രധാന ദൃഷ്ടാന്തവുമാണ്. അല്ലാഹു തന്നെ പറയുന്നു: “നിങ്ങൾക്ക് സമാധാനപൂർവ്വം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്ന് തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങൾക്കിടിയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തത് അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്” (ഖുർആൻ, സൂറത്തുൽ റൂം 21). അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പൂർണതയുടെ ഭാഗമായാണ് അവൻ ദമ്പതികൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തീർത്തത്.

സ്‌നേഹമെന്നാൽ മനസ്സിന്റെ ആർദ്രതയാണ്.

കാരുണ്യമെന്നാൽ മനസ്സിന്റെ അലിവാണ്.

അവ കൊണ്ടാണ് കുടുംബങ്ങൾ നിലനിൽക്കുന്നതും ബന്ധങ്ങൾ സുദൃഢപ്പെടുന്നതും.

ഉപ്പ തന്റെ കുടുംബാംഗങ്ങളോട് കനിവുള്ളവനാകുകയും തന്റെ കടമകളും ഉത്തരവാദിത്വങ്ങളും യഥാവിധി നിർവ്വഹിക്കുകയും വേണം. മാത്രമല്ല, തന്റെ മക്കളുടെ കാര്യങ്ങളിൽ തുടരെ തുടരെ ഇടപെടുകയും വേണം. കാരണം അവർക്ക് വാക്കിലും പ്രവർത്തിയിലും പിന്തുടരാനുള്ളത് ഉപ്പയെയാണല്ലൊ.

ഉമ്മയാണ് വീട് പരിപാലിക്കേണ്ടതും മക്കളെ വളർത്തേണ്ടതും. ഉമ്മയാണ് വളർന്നു വരുന്ന പെൺമക്കൾക്കുള്ള മാതൃക. ഇങ്ങനെയുള്ള ഉപ്പയും ഉമ്മയും ചേരുമ്പോഴാണ് സ്‌നേഹാർദ്രവും കരുണാമയവുമായ സന്തുഷ്ട കുടുംബം സാധ്യമാവുന്നത്.

സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തീർക്കുന്ന പെരുമാറ്റങ്ങളും ഇടപാടുകളുമാണ് ദമ്പതികൾക്കിടയിൽ ഉണ്ടാവേണ്ടതെന്ന് പരിപാവന ദീനുൽ ഇസ്ലാം വിശ്വാസികളോട് ഉണർത്തുന്നു. കുടുംബത്തിന്റെ കെട്ടുറപ്പും ഭദ്രതയും നിലനിൽക്കാൻ അങ്ങനെ അനുവർത്തിക്കൽ അത്യന്താപേക്ഷിതമാണ്. ഇടപാടുകളിലും നിലപാടുകളിലും മയം കാണിച്ചാൽ പിണക്കമില്ലാത്ത, ഇണക്കം മാത്രം നിത്യമാക്കുന്ന കുടുംബത്തെ സാക്ഷാൽക്കരിക്കും. നബി (സ്വ) പറയുന്നു: “അല്ലാഹു ഒരു കുടുംബത്തിൽ നന്മ ഉദ്ദേശിച്ചാൽ അവർക്ക് അലിവ് അറിയിച്ചുക്കൊടുക്കും” (ഹദീസ് അഹ്്മദ്).

മയസ്വഭാവവും മുഖപ്രസന്നതയും പരസ്പര ബഹുമാനവും പരിഗണനയും കുടുംബത്തിൽ നിത്യമാവണമെന്നാണ് മേൽഹദീസ്  ഉൽബോധിപ്പിക്കുന്നത്. ഭാര്യഭർത്താക്കന്മാർ പരസ്പര മനസ്സിലാക്കി സഹകരണത്തോടെയും ഒത്തൊരുമയോടെയും കുടുംബകടമകൾ നിറവഹിക്കേണ്ടതുണ്ട്. കുടുംബാസൂത്രണത്തിലും കുട്ടികളെ വളർത്തുന്നതിലും ഇരുവരും ഒരുപോലെ ഉത്തരവാദികളാണ്. ഒരോർത്തരും അന്യോന്യം കഴിവിന്റെ പരമാവധി സ്‌നേഹവും കാരുണ്യവും കാണിക്കണം.

ജീവിതപങ്കാളിയുടെ ചുമതലകളും ബാധ്യതകളും മനസ്സിലാക്കി അവ നിറവേറ്റാൻ സഹായിക്കുമ്പോഴാണ് ദാമ്പത്യവിജയം യാഥാർത്ഥ്യമാവുന്നത്. പരസ്പരം ശ്രമങ്ങളെ മാനിക്കുകയും നന്ദി അറിയിക്കുകയും വേണം. മാത്രമല്ല, എന്നും ഏറ്റവും നല്ലമാത്രം തെരഞ്ഞെടുക്കാൻ പ്രോൽസാഹിപ്പിക്കുകയും വേണം. അപ്പോഴാണ് കുടുംബം സന്തുഷ്ടമാവുന്നതും കുടുംബമഹിമയാൽ സമ്പുഷ്ടമാവുന്നതും.

നന്ദി അറിയിക്കൽ ഉദാത്തമായ സ്വഭാവമാണ്.  നബി (സ്വ) ആ സ്വഭാവമാഹാത്മ്യത്തെ പ്രേരിപ്പിക്കുന്നുണ്ട് :“ഒരുത്തൻ പടപ്പുകളോട് നന്ദിയുള്ളവനായില്ലെങ്കിൽ അവൻ പടച്ചോനോടും നന്ദിയുള്ളവനാകില്ല” (ഹദീസ് അഹ്മദ്,അദബുൽ മുഫ്രദ്). സാമൂഹിക ജീവിതത്തിന്റെ വിജയമന്ത്രമാണ് പരസ്പര നന്ദിവാക്ക്.

കുടുംബാംഗങ്ങൾക്കിടയിൽ സ്‌നേഹവും സമ്പർക്കവും ഉണ്ടാവണമെങ്കിൽ കുടുബസദസ്സുകൾ സംഘടിപ്പിക്കേണ്ടതുണ്ട്. അവ കൂടുതൽ അടുക്കാനും കുശലങ്ങൾ അറിയാനും സഹായിക്കും.

കുടുംബകൂട്ടായ്മകൾ പല രൂപത്തിലുണ്ട്. ഭക്ഷണത്തിനായി കഴിക്കാനായി ഒരുമിച്ചിരിക്കലാണ് അതിലൊന്ന്. അങ്ങനെ കൂട്ടായി ഭുജിക്കൽ ബർക്കത്ത് ഉണ്ടാവാൻ കാരണമാവും. ഒരിക്കൽ ഒരുകൂട്ടം സ്വഹാബികൾ  നബി (സ്വ)യോട് ചോദിച്ചു: “ഞങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും വയർ നിറയുന്നില്ല”. നബി (സ്വ) പറഞ്ഞു: “നിങ്ങൾ വെവ്വേറെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കൊണ്ടാകാം”. അവർ പറഞ്ഞു: “അതെ”. നബി (സ്വ) തുടർന്നു: “നിങ്ങൾ ഒരുമിച്ചിരുന്ന് അല്ലാഹുവിന്റെ നാമമുച്ചരിച്ച് ഭക്ഷണം കഴിക്കുക, അല്ലാഹു നിങ്ങളുടെ ഭക്ഷണത്തിൽ ബർക്കത്ത് ചെയ്യും” (ഹദീസ് അബൂദാവൂദ്, അഹ്മദ്, ഇബ്‌നുമാജ). കുടുംബസദസ്സുകൾ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തീർക്കുമെന്നർത്ഥം.

ദാമ്പത്യരഹസ്യങ്ങൾ എന്നും രഹസ്യമായി തന്നെയിരിക്കണം. സൗന്ദര്യപ്പിണക്കങ്ങൾ പോസിറ്റീവായ സംഭാഷണത്തിലൂടെ പറഞ്ഞുത്തീർക്കണം. ചെറിയ പാകപ്പിഴവുകൾ അന്യോന്യം കണ്ടില്ലെന്ന് നടിക്കണം. പ്രശനങ്ങളല്ല പരിഹാരമാണ് എന്നും ആവശ്യമായുള്ളത്. കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിപ്പെടാതെ സൂക്ഷിക്കുകയും വേണം. പ്രമുഖ സ്വഹാബിവര്യൻ അബുൽ ദർദാഅ് (റ) തന്റെ ഭാര്യയോട് പറയുമായിരുന്നു:“ഞാൻ നിന്നോട് ദേഷ്യപ്പെട്ടാൽ നീ എന്നെ സംതൃപ്തിപ്പെടുത്തണം. നിനക്ക് എന്നോട് ദേഷ്യം തോന്നിയാൽ ഞാൻ നിന്നെ സംതൃപ്തിപ്പെടുത്തും”. ഇങ്ങനെയാണ് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത്. അല്ലാതെ കൂടുതൽ വശളാക്കേണ്ടതല്ല ചെയ്യേണ്ടത്.

ദമ്പതികൾ ഓരോർത്തരും തന്റെ ഇണയുടെ കുടുംബത്തോടും ബന്ധം ചേർക്കണം. ഇണയുടെ മാതാപിതാക്കൾക്കും ഗുണം ചെയ്യണം ഭൗതികമായും, ആത്മീയമായും. ഓരോർത്തരും സ്ഥാനമാനങ്ങൾക്കനുസരിച്ച് മാതാപിതാക്കളോടും മക്കളോടും മറ്റു കുടുംബക്കാരോടും ചെയ്തുതീർക്കേണ്ട കടമകൾ കൃത്യമായി പൂർത്തീകരിക്കണം. പ്രവാചകർ (സ്വ) പറയുന്നു: “ഓരോർത്തർക്കും അവരവർക്കുള്ള അവകാശങ്ങൾ വകവെച്ചുനൽകണം” (ഹദീസ് ബുഖാരി).

അവകാശങ്ങൾ പാലിക്കപ്പെടുമ്പോഴാണ് മനസ്സുകൾ ഇണങ്ങുന്നതും സ്‌നേഹാർദ്രമാവുന്നതും. അങ്ങനെ കുടുംബങ്ങൾക്ക് അല്ലാഹുവിന്റെ കരുണക്കടാക്ഷമുണ്ടാവും. അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കുന്നവരുള്ള വീട് എന്നും അനുഗ്രഹീതമായിരിക്കും. നാടിനം ദീനിനും ഉപകാരം ചെയ്യുന്ന തലമുറകളാണ് സമൂഹത്തിനും കുടുംബത്തിനും ഭദ്രത കൈവരുത്തുന്നത്. അവരാണ് നാടിന്റെ സംസ്‌കാരവും സംസ്‌കൃതിയും പരിപാലിക്കുന്നത്. രക്തബന്ധത്തിലൂടെയും വിവാഹബന്ധത്തിലൂടെയുമാണ് കുടുംബങ്ങൽ രൂപപ്പെടുന്നതും സമൂഹം വ്യാപിക്കുന്നതും.

അല്ലാഹു പറയുന്നു: “അവൻ തന്നെയാണ് വെള്ളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ നാഥൻ കഴിവുള്ളവനത്രെ” (ഖുർആൻ, സൂറത്തുൽ ഫുർഖാൻ 54).

നമ്മുക്കിടയിലെ കുടുംബബന്ധങ്ങളും ദാമ്പത്യങ്ങളും സ്‌നേഹാർദ്രതയുടെയും അലിവ് കനിവുകളുടെയും പര്യായങ്ങളാവട്ടെ.

മതവിദ്യഭ്യാസം പകര്‍ന്നു നല്‍കാന്‍  നാസര്‍ സുവൈദി മദ്രസ, അജ്മാന്‍

ആത്മീയ വിജ്ഞാനങ്ങളുടെ ഈറ്റില്ലമാണ് മദ്രസകള്‍. പാരമ്പര്യ ഇസ്ലാമിന്‍റെ അടിസ്ഥാന വിഭവങ്ങള്‍ പകര്‍ന്ന് കൊടുക്കുന്നതും ഈ പുണ്യസ്ഥലങ്ങളില്‍ നിന്ന് തന്നെ. ഒരു യഥാര്‍ത്ഥ മുസ്ലിമിന്‍റെ ജീവിത അഭിലാഷം പൂവണിയിക്കാനുള്ള ആദ്യവും അത്യന്താപേക്ഷിതവുമായ ചുവട് വെപ്പ് തുടങ്ങുന്നതും ഇവിടെ നിന്നായിരിക്കും. കാരണം ജ്ഞാനമെന്ന നിധി കരസ്ഥമാക്കിയാലെ ജീവിതവിജയമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടരാന്‍ സാധിക്കുകയുള്ളു. ഒരു മലയാളിക്ക് ഈ വാക്ക് ഉച്ചരിക്കുമ്പോള്‍ മറുപുറത്ത് ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്. പ്രഭാത നേരത്ത് രണ്ട് കിതാബുമേന്തി തട്ടവും തൊപ്പിയും ധരിച്ച് നടന്നു നീങ്ങുന്ന കുഞ്ഞുങ്ങളുടെ ഭംഗിയുള്ള ചിത്രം. ഈ സൗന്ദര്യ ചിത്രം മുസ്ലിം കേരളത്തിന് പകര്‍ന്ന് നല്‍കിയത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയായിരുന്നു. പടച്ചോന്‍റെ അനുഗ്രഹ ഭൂമികയാണ് കേരളം. പ്രവാചര്‍ (സ)യുടെ കാലത്ത് തന്നെ ദീന്‍ പിറവി കൊണ്ട സൗഭാഗ്യ ഹസ്തം തലോടിയ നാട്. ഈ പൈതൃകം കാത്തു സൂക്ഷിക്കാനായിരുന്നു മദ്രസകള്‍ പിറവി കൊണ്ടതും. കാലത്തിന്‍റെ പ്രായണത്തില്‍ സ്വഹാബാക്കളുടെ പലായനം പോലെ മലയാളികള്‍ക്കും പലായനം അനിവാര്യമായിരുന്നു. ലോക രാജ്യങ്ങളില്‍ മലയാളികളെ ഏറ്റവും കൂടുതല്‍ വരവേറ്റത് ഗള്‍ഫ് രാജ്യങ്ങളായിരുന്നു. ക്രമേണ മലയാളികളുടെ ഒരു സ്വപ്ന നഗരിയായി യു എ ഇ മാറി. പലര്‍ക്കും നാടും കുടുംബവുമായി അവിടെ ചിലവഴിക്കേണ്ടി വന്നു. മാമല നാടിന്‍റെ പുരോഗമനത്തിനും അത് കാരണമായെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. അത്തരമൊരു സന്ദര്‍ഭത്തിലാണ് മദ്രസ സംവിധാനം യു എ ഇലും വിപുലമായി തുടങ്ങാന്‍ തീരുമാനിക്കുന്നത്. കാരണം ജീവിതം എവിടെയായാലും ദീനീ വിജ്ഞാനം ജീവിതത്തിന് അനിവാര്യമാണല്ലോ. അങ്ങനെയാണ് യു എഇയുടെ ഒഴിച്ചു കൂടാനാവാത്ത നഗരിയായ അജ്മാനില്‍ നാസര്‍ സുവൈദി മദ്രസയ്ക്ക് തുടക്കം കുറിക്കുന്നത്.

പിന്നാമ്പുറത്തിലേക്കൊരു എത്തിനോട്ടം

യു എ ഇയിലെ സമസ്ത മദ്രസകളില്‍ ഏറ്റവും മുഖ്യമായ മദ്രസയാണ് അജ്മാനിലെ നാസര്‍ സുവൈദി മദ്രസ. ഏതൊരു പ്രസ്ഥാനത്തിനും സ്ഥാപനത്തിനും അമരക്കാരനുള്ളത് പോലെ ഇതിനു പിന്നിലും ഒരു ചാലക ശക്തിയുണ്ടായിരുന്നു. മാമ്പ്ര ഉസ്താദ് എന്ന പേരില്‍ വിഖ്യാതനായ മാമ്പ്ര അബൂബക്കര്‍ മുസ്ല്യാര്‍ (അല്ലാഹു ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിക്കട്ടേ.ആമീന്‍). ഈ പണ്ഡിതന്‍റെ തലയിലുദിച്ച ആശയമായിരുന്നു ഈ മദ്രസയുടെ തുടക്കം. പ്രാരംഭത്തിന്‍റെ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് അജ്മാനിലെ ഒരു വില്ലയില്‍ നാസര്‍ സുവൈദി മദ്രസയ്ക്ക് തുടക്കം കുറിച്ചു. യാത്ര സൗകര്യങ്ങള്‍ കുറവായിരുന്നു ആ കാലഘടത്തില്‍ തന്നെ ബുദ്ധിമുട്ടുകളൊക്കെ സഹിച്ച് അവര്‍ മദ്രസ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. അങ്ങനെ അജ്മാനില്‍ നാസര്‍ സുവൈദി മദ്രസയ്ക്ക് പ്രാരംഭമായി.

വീഴ്ച്ചയിലൊരു കൈത്താങ്ങ്

മാനുഷീക ജീവിതത്തിലെന്ന പോലെ ചില സ്ഥാപനങ്ങള്‍ക്കുമുണ്ടാവും ഇറക്കവും കയറ്റവും. മാമ്പ്ര ഉസ്താദിന്‍റെ നേതൃത്വത്തിലുള്ള ഈ മദ്രസാ പ്രസ്ഥാനത്തിന്‍റെ യാത്രയില്‍ ഇടയ്ക്ക് ചെറിയൊരു ഇടര്‍ച്ച വന്നു. പക്ഷേ പടച്ചോന്‍റെ സഹായം ദീനി സംരംഭങ്ങള്‍ക്ക് എന്നുമുണ്ടാവും. അത്തരമൊരു കൈത്താങ്ങായി സമസ്തയുടെ അജയ്യനായ നേതാവ് ശൈഖുനാ കെ ടി മാനു മുസ്ല്യാര്‍ (ന:മ) രംഗത്ത് വന്നു. ലാളിത്യവും തഖ്വയും സൂക്ഷമയതയും മാത്രം ജീവിതമാക്കിയ ആ ശൈഖിന്‍റെ സഹായത്തോടെ നാസര്‍ സുവൈദി മദ്രസയ്ക്ക് വീണ്ടും ജീവന്‍ വെച്ചു.  മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ വിദ്യഭ്യാസ വിപ്ലവങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ശൈഖുനയുടെ കീഴില്‍ ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന സ്ഥാപനമാണ് ദാറുന്നജാത്ത് ഇസ്ലാമിക് സെന്‍റര്‍. അതിന്‍റെ സഹായത്തോടു കൂടി നാസര്‍ സുവൈദി മദ്രസ തന്‍റെ വിജയത്തിലേക്കുള്ള പ്രയാണം തുടര്‍ന്നു. അജ്മാനില്‍ ശൈഖുന വന്നാല്‍ ഈ മദ്രസയിലായിരുന്നു താമസിക്കാറുണ്ടായിരുന്നത്. ഈ കൈത്താങ്ങിന് പിന്നില്‍ മറ്റൊരു ആത്മീയ സൗഹൃദ്ദത്തിന്‍റെ കഥയും കൂടിയുണ്ട്. മാമ്പ്ര ഉസ്താദുമായി ദീനീ വിഷയത്തിലുള്ള അദ്ദേഹത്തിന്‍റെ സൗഹൃദ്ദമായിരുന്നു ഈ സഹായ ഹസ്തം. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ രണ്ടാള്‍ ഇഷ്ടപ്പെട്ടാല്‍ നാളെ ഖിയാമത്ത് നാളില്‍ അവര്‍ക്ക് അര്‍ഷിന്‍റെ തണല്‍ ലഭിക്കുമെന്ന് റസൂല്‍ (സ) മൊഴിഞ്ഞതാണല്ലോ. അല്ലാഹു ഇരുവര്‍ക്കും അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടേ..ആമീന്‍.

അഭിമാനത്തോടെയുള്ള ഉയര്‍ച്ച

കെ ടി മാനു മുസ്ല്യാരുടെ സഹായ ഹസ്തം വന്നതോടെ മലപ്പുറത്തുകാരനും പ്രശസ്ത പ്രഭാഷകനുമായ ആലിക്കോയ മുസ്ല്യാരെ സ്വദര്‍ മുഅല്ലിമായി ഏല്‍പ്പിച്ചു. ഏല്‍പ്പിച്ചയാള്‍ കൈയൊഴിഞ്ഞില്ല, യഥാര്‍ത്ഥ ചുമലില്‍ തന്നെ ആ ഉത്തരവാദിത്തം ഏല്‍പ്പിച്ച് കൊടുത്തത്. ആ ചുമലിലേന്തി നാസര്‍ സുവൈദി മദ്രസ പ്രയാണം തുടര്‍ന്നു. പക്ഷേ അല്ലാഹുവിന്‍റെ മറ്റൊരു പരീക്ഷണവുമായി ഈ വര്‍ഷം അദ്ദേഹവും ഈ ലോകത്തോട് യാത്ര പറഞ്ഞു. പക്ഷേ ഏല്‍പ്പിച്ച ഉത്തരവാദിത്വം അതിന്‍റെ പൂര്‍ണ്ണതിയിലേക്കെത്തിച്ചാണ് അദ്ദേഹം യാത്രം പോയത്. അല്ലാഹു ആഖിറം വെളിച്ചമാക്കി കൊടുക്കട്ടേ…..ആമീന്‍ നിലവില്‍ അജ്മാനിലെ നാസര്‍ സുവൈദി മദ്രസയില്‍ 300ലധികം വിദ്യാര്‍ത്ഥികള്‍ ആത്മീയ ജ്ഞാനം നുകരുന്നുണ്ട്. അവര്‍ക്ക് വിദ്യ പകര്‍ന്നു നല്‍കാന്‍ ഫൈസികളും ഹുദവികളുമായ പണ്ഡിത പ്രമുഖരും രംഗത്തുണ്ട്. ഇന്‍ ശാ അല്ലാഹ്, നേരിലേക്കുള്ള ഈ പ്രയാണം പടച്ചോന്‍റെ ഭൂമിക അസ്തമിക്കുന്നത് വരെ യു എ ഇക്ക് അഭിമാനമായി നിലനില്‍ക്കട്ടേ….ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ജീവിതങ്ങള്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടേ….ആമീന്‍.

സവാദ് ഇര്‍ശാദി ഹുദവി കട്ടക്കാല്‍

Muhammed Abshir grabbed 1st rank in UAE

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മെയ് 5,6 തിയ്യതികളിൽ നടത്തിയ പൊതു പരീക്ഷയിൽ, അജ്‌മാൻ നാസ്സർ സുവൈദി മദ്രസ ഉന്നത വിജയം കരസ്ഥമാക്കി. 5, 7, 10 ക്‌ളാസുകളിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികളാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. ഏഴാം തരത്തിൽ മുഹമ്മദ് അബ്ഷിർ TK യു എ ഇ തലത്തിൽ 388/400 മാർക്കോടെ ഒന്നം സ്‌ഥാനം കരസ്ഥമാക്കി.

abshir